1 രാജാക്കന്മാർ 18 : 1 (MOV)
ഏറിയനാൾ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തിൽ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18 : 2 (MOV)
ഏലീയാവു ആഹാബിന്നു തന്നെത്താൻ കാണിപ്പാൻ പോയി; ക്ഷാമമോ ശമര്യയിൽ കഠിനമായിരുന്നു.
1 രാജാക്കന്മാർ 18 : 3 (MOV)
ആകയാൽ ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവെ ആളയച്ചുവരുത്തി; ഓബദ്യാവോ യഹോവയിങ്കൽ മഹാഭക്തനായിരുന്നു.
1 രാജാക്കന്മാർ 18 : 4 (MOV)
ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
1 രാജാക്കന്മാർ 18 : 5 (MOV)
ആഹാബ് ഓബദ്യാവോടു: നീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18 : 6 (MOV)
അവർ ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന്നു അതിനെ തമ്മിൽ പകുത്തു; ആഹാബ് തനിച്ചു ഒരു വഴിക്കു പോയി, ഓബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി,
1 രാജാക്കന്മാർ 18 : 7 (MOV)
ഓബദ്യാവു വഴിയിൽ ഇരിക്കുമ്പോൾ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗം വീണു: എന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.
1 രാജാക്കന്മാർ 18 : 8 (MOV)
അവൻ അവനോടു: അതേ, ഞാൻ തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18 : 9 (MOV)
അതിന്നു അവൻ പറഞ്ഞതു: അടിയനെ കൊല്ലേണ്ടതിന്നു അഹാബിന്റെ കയ്യിൽ ഏല്പിപ്പാൻ അടിയൻ എന്തു പാപം ചെയ്തു?
1 രാജാക്കന്മാർ 18 : 10 (MOV)
നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.
1 രാജാക്കന്മാർ 18 : 11 (MOV)
ഇങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ.
1 രാജാക്കന്മാർ 18 : 12 (MOV)
ഞാൻ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാൻ ആഹാബിനോടു ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താൽ അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവഭക്തൻ ആകുന്നു.
1 രാജാക്കന്മാർ 18 : 13 (MOV)
ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഞാൻ യഹോവയുടെ പ്രവാചകന്മാരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനൻ അറിഞ്ഞിട്ടില്ലയോ?
1 രാജാക്കന്മാർ 18 : 14 (MOV)
അങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ.
1 രാജാക്കന്മാർ 18 : 15 (MOV)
അതിന്നു ഏലീയാവു: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18 : 16 (MOV)
അങ്ങനെ ഓബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാൻ ചെന്നു.
1 രാജാക്കന്മാർ 18 : 17 (MOV)
ആഹാബ് ഏലീയാവെ കണ്ടപ്പോൾ അവനോടു: ആർ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
1 രാജാക്കന്മാർ 18 : 18 (MOV)
അതിന്നു അവൻ പറഞ്ഞതു: യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.
1 രാജാക്കന്മാർ 18 : 19 (MOV)
എന്നാൽ ഇപ്പോൾ ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക.
1 രാജാക്കന്മാർ 18 : 20 (MOV)
അങ്ങനെ ആഹാബ് എല്ലായിസ്രായേൽമക്കളുടെയും അടുക്കൽ ആളയച്ചു കർമ്മേൽപർവ്വതത്തിൽ ആ പ്രവാചകന്മാരെ കൂട്ടിവരുത്തി.
1 രാജാക്കന്മാർ 18 : 21 (MOV)
അപ്പോൾ ഏലീയാവു അടുത്തുചെന്നു സർവ്വജനത്തോടും: നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു; എന്നാൽ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
1 രാജാക്കന്മാർ 18 : 22 (MOV)
പിന്നെ ഏലീയാവു ജനത്തോടു പറഞ്ഞതു: യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പതുപേരുണ്ടു.
1 രാജാക്കന്മാർ 18 : 23 (MOV)
ഞങ്ങൾക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വെക്കാം;
1 രാജാക്കന്മാർ 18 : 24 (MOV)
നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ; അതിന്നു ജനം എല്ലാം:
1 രാജാക്കന്മാർ 18 : 25 (MOV)
അതു നല്ലവാക്കു എന്നു ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവു ബാലിന്റെ പ്രവാചകന്മാരോടു: നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്തു ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18 : 26 (MOV)
അങ്ങനെ അവർക്കു കൊടുത്ത കാളയെ അവർ എടുത്തു ഒരുക്കി: ബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
1 രാജാക്കന്മാർ 18 : 27 (MOV)
ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18 : 28 (MOV)
അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.
1 രാജാക്കന്മാർ 18 : 29 (MOV)
ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവർ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.
1 രാജാക്കന്മാർ 18 : 30 (MOV)
അപ്പോൾ ഏലീയാവു: എന്റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;
1 രാജാക്കന്മാർ 18 : 31 (MOV)
നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു,
1 രാജാക്കന്മാർ 18 : 32 (MOV)
കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടു ഉണ്ടാക്കി.
1 രാജാക്കന്മാർ 18 : 33 (MOV)
പിന്നെ അവൻ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിൻ മീതെ വെച്ചു; നാലു തൊട്ടിയിൽ വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18 : 34 (MOV)
രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്നു അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്നു അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു.
1 രാജാക്കന്മാർ 18 : 35 (MOV)
വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറെച്ചു.
1 രാജാക്കന്മാർ 18 : 36 (MOV)
ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവയമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.
1 രാജാക്കന്മാർ 18 : 37 (MOV)
യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18 : 38 (MOV)
ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.
1 രാജാക്കന്മാർ 18 : 39 (MOV)
ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18 : 40 (MOV)
ഏലീയാവു അവരോടു: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോൻ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.
1 രാജാക്കന്മാർ 18 : 41 (MOV)
പിന്നെ ഏലീയാവു ആഹാബിനോടു: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18 : 42 (MOV)
ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ചു തന്റെ ബാല്യക്കാരനോടു:
1 രാജാക്കന്മാർ 18 : 43 (MOV)
നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ടു: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ: പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18 : 44 (MOV)
ഏഴാം പ്രാവശ്യമോ അവൻ: ഇതാ, കടലിൽനിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: നീ ചെന്നു ആഹാബിനോടു: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18 : 45 (MOV)
ക്ഷണത്തിൽ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.
1 രാജാക്കന്മാർ 18 : 46 (MOV)
എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കിയുംകൊണ്ടു യിസ്രായേലിൽ എത്തുംവരെ ആഹാബിന്നു മുമ്പായി ഓടി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46